Season of Lent & World_Literature|| #Jesu
Published Date:
"ആലപ്പുഴയിലെ ഒരു കത്തോലിക്കാ ദേവാലയം, വലിയ നോയമ്പിന്റെ വിശുദ്ധകാലത്തെ ഞായറാഴ്ചകൾ വേറിട്ടൊരു രീതിയിൽ ചെലവഴിച്ചുകൊണ്ടിരിക്കുന്നു. ഞായറാഴ്ചകളിൽ ആ പള്ളി, യേശുവിന്റെ പ്രബോധനങ്ങളും ദൗത്യവും പ്രതിഫലിക്കുന്ന ലോകക്ലാസ്സിക്കുകൾ ഉൾപ്പെടെയുള്ള സാഹിത്യസൃഷ്ടികൾ ചർച്ച ചെയ്യാൻ വേദിയൊരുക്കുന്നു. "നോയമ്പിന്റെ മൂന്നാം ഞായറാഴ്ചയായ മാർച്ച് 23-ന് കൊമാടിയിലെ തിരുക്കുടുംബ ദേവാലയത്തിൽ ഒത്തുകൂടിയ വിവിധ മതക്കാരായ 50-നടുത്ത് ആളുകൾ ചർച്ച ചെയ്തത്, നിക്കോസ് കസൻദ്‌സാക്കിസിന്റെ ദൈവത്തിന്റെ-നിസ്വൻ (Gods Pauper) എന്ന നോവലാണ്. കസൻദ്സാക്കിസ് വിശുദ്ധ ഫ്രാൻസിസ് അസീസിയെക്കുറിച്ചെഴുതിയ ആ കൃതി ചർച്ചക്കായി അവതരിപ്പിച്ചത്, ആലപ്പുഴ എസ്‌ഡി കോളേജ് ഇംഗ്ലീഷ് വിഭാഗം മുൻ അദ്ധ്യക്ഷ മറിയാമ്മ പഞ്ഞിക്കാരനാണ്. "ആദ്യത്തെ രണ്ടു ഞായറാഴ്ചകളിൽ അവർ ലിയോ-ടോൾസ്റ്റോയ്‌യുടെ ഇവാൻ ഇല്ലിച്ചിന്റെ മരണവും (The Death of Ivan illych) ടിഎസ് ഇലിയറ്റിന്റെ തരിശുഭൂമിയും (The Waste Land) ചർച്ചചെയ്തിരുന്നു. എഴുത്തുകാരൻ പിജെജെ ആന്റണിയും ചങ്ങനാശേരി ഇംഗ്ലീഷ് വിഭാഗം മുൻ തലവൻ പിജെ തോമസുമാണ് ആ കൃതികൾ അവതരിപ്പിച്ചത്. “യേശുവിനെക്കുറിച്ചുള്ള അറിവിന് സാഹിത്യത്തിലൂടെ ആഴം തേടുന്ന ചർച്ചകൾക്ക് വേദിയുണ്ടാക്കുകയാണ് ചെയ്തതെന്നും, യേശുസന്ദേശം പകർന്നു തരുകയും യേശുവിനെ വ്യത്യസ്ത മാനങ്ങളിൽ പ്രതിഫലിപ്പിക്കുകയും ചെയ്യുന്ന കൃതികളാണ് ചർച്ചയ്ക്കു തെരഞ്ഞെടുക്കുന്നതെന്നും ഇടവകവികാരി ഫാദർ സേവ്യർ കുടിയംശേരി പറയുന്നു." ......... ടോൾസ്റ്റോയ്-യുടെ ഇവാൻ ഇലിച്ചിന്റെ മരണം എന്ന ചെറുനോവൽ എനിക്ക് ഏറെ ഇഷ്ടപ്പെട്ടതാണ്. കോളേജു വിദ്യാർത്ഥിയായിരിക്കെ അതിന്റെ വായന തന്റെ ജീവിതവീക്ഷണത്തെയും സാഹിത്യദർശനത്തെയും മാറ്റിമറിച്ച കാര്യം കെപി അപ്പൻ ഓർമ്മിച്ചിട്ടുണ്ട്. എലിയറ്റിന്റെ തരിശുഭൂമിയും ഒരുപാടുവർഷം മുൻപു വായിച്ചിട്ടുണ്ട്. നാലഞ്ചു പേജു മാത്രം ദൈർഘ്യള്ളതെങ്കിലും അതിന്റെ വായന എളുപ്പമല്ല. അതിൽ April is the cruelest month എന്ന വരി മാത്രമേ ഇപ്പോൾ ഓർമ്മയിലുള്ളു.😊 കസൻദ്‌സാക്കിസിന്റെ ദൈവത്തിന്റെ-നിസ്വൻ, അസമർത്ഥമായ ഒരു മലയാളം പരിഭാഷയിൽ വായിച്ചിട്ടും ഏറെ ഇഷ്ടപ്പെട്ട കൃതിയാണ്. പക്ഷേ യേശുവിന്റെ പീഡാസഹനവും കുരിശുമരണവും അനുസ്മരിക്കുന്ന വലിയനോയമ്പു കാലത്തു ചർച്ച ചെയ്യാൻ കൂടുതൽ ചേരുന്ന കസൻദ്‌സാക്കിസ്-കൃതി അന്ത്യപ്രലോഭനം (The Last Temptation) ആണെന്നു ഞാൻ പറയും. യേശുവിനെക്കുറിച്ച് അശ്ലീലം പറയുന്ന നോവൽ എന്ന, അരസികന്മാർക്കിടയിലെ അതിന്റെ കുപ്രസിദ്ധിയിൽ നേരില്ല. അതിലെ അന്ത്യപ്രലോഭനം നാലദ്ധ്യായം നീളമുള്ളതെങ്കിലും വെറും സ്വപ്നമാണ്. എന്റെ ദൈവമേ എന്റെ ദൈവമേ എന്ന വിളിയ്ക്കും എന്തിനു നീ എന്നെ കൈവിട്ടു എന്ന പരിതാപത്തിനും ഇടയിൽവരുന്ന നിമിഷാർത്ഥത്തിലെ സ്വപ്നം. അന്ത്യപ്രലോഭനത്തിൽ എനിക്ക് ഇഷ്ടപ്പെടാതിരുന്നത്, യേശുവിന്റെ സ്വപ്നമല്ല, സ്വപ്നത്തിനു പുറത്തെ മഗ്ദലനമറിയത്തിന്റെ ചിത്രീകരണമാണ്. അതിൽ പക്ഷേ ഒരു ഭക്തനും എതിർപ്പില്ല. കാരണം, ബൈബിളുമായി ഒരു ബന്ധവുമില്ലാത്ത ആ ചിത്രം, നോവലിസ്റ്റ് വ്യവസ്ഥാപിത ക്രിസ്തീയതയുടെ ആൺഭാവനയിൽ നിന്നു കടംവാങ്ങി പൊലിപ്പിച്ചെടുത്തതാണല്ലോ. .......... നോയമ്പുകാലത്ത് ഇവിടെയൊക്കെ പതിവുള്ളത്, ധ്യാനമാണ്. ഒരുപാടുവർഷങ്ങൾക്കു ശേഷം ഇത്തവണ ഒരു നോയമ്പുധ്യാനം കൂടി. മൂന്നുദിവസം നീണ്ട ആ പരിപാടിയിൽ ധ്യാനഗുരു നിരന്തരം ആക്രോശിക്കുകയായിരുന്നു. ശബ്ദകോലാഹലം വഴി ചിന്താശേഷി മരവിപ്പിച്ചു മനുഷ്യരെ കീഴടക്കുന്ന ആ പരിപാടി ധ്യാനം എന്ന ആശയത്തിന്റെ നേർവിപരീതമായി തോന്നി.😒 .......... (റിപ്പോർട്ട് ഹിന്ദു പത്രത്തിൽ